കിഫ്ബിക്കെതിരായ ഇഡി അന്വേഷണം; എംഎല്‍എമാരുടെ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നീ എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിച്ചു. ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകള്‍ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

അതേസമയം. കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് തടഞ്ഞു. ഇഡിയുടെ സമന്‍സും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. മസാലബോണ്ട് വിതരണത്തിനെതിരായ ഇഡി അന്വേഷണം തുരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ അധികാരമില്ലെങ്കിലും ഹര്‍ജിക്കാരെ തുടര്‍ച്ചയായി സമന്‍സ് അയച്ച് വിളിപ്പിക്കുന്നത് നീതികരിക്കാന്‍ കഴിയില്ലെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജറെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി, റിസര്‍വ് ബാങ്കിന് നോട്ടീസയക്കാനും നിര്‍ദ്ദേശിച്ചു.

മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ ലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാല്‍, റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നുമായിരുന്നു തോമസ് ഐസക് അടക്കമുള്ള ഹര്‍ജിക്കാര്‍ വാദിച്ചത്.