ഹിമാചലില്‍ നവംബര്‍ 12ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ ഡിസംബര്‍ 8ന്‌

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും. ഒറ്റഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 17നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.

അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബര്‍ 25 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 27നാണ്. ഈ മാസം 29ന് മുന്‍പ് പത്രിക പിന്‍വലിക്കാം. ഇനിമുതല്‍ വര്‍ഷത്തില്‍ നാലുതവണ വോട്ടര്‍ പട്ടിക പുതുക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന ദിവസങ്ങള്‍ 70ല്‍ നിന്നും 57 ദിവസമായി കുറച്ചു.

ആകെ 68 സീറ്റുകളാണുളളത് ഹിമാചലിലുള്ളത്. 44 സീറ്റുകളില്‍ ബിജെപിയും 21 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎം എന്നിങ്ങനെയാണ് നിലവിലെ പ്രധാന കക്ഷിനില. കോണ്‍ഗ്രസിനും ബിജെപിയ്ക്കും മാറിമാറി ഭരണം നല്‍കിയ ചരിത്രമാണ് ഹിമാചലിലുളളത്. ആകെ 55,07,261 വോട്ടര്‍മാരാണ് ഹിമാചലിലുളളത്. എന്നാല്‍, ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല.