ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് വ്യക്തമാക്കി ഔദ്യോഗിക ഭാഷാ പാർലമെന്ററികാര്യ സമിതിയിലെ അംഗങ്ങൾ. 1963-ലെ ഔദ്യോഗികഭാഷാനിയമത്തിനൊപ്പം 2020-ൽ കേന്ദ്രം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയവും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സമിതി അംഗങ്ങളായ രണ്ട് എം.പി.മാർ അറിയിച്ചു. ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നതുൾപ്പെട്ട നിർദേശങ്ങളുമായി രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണം.
ഔദ്യോഗികഭാഷാനിയമത്തിൽ സംസ്ഥാനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ് നടത്തിയിട്ടുള്ളത്. കൂടുതൽപ്പേരും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ‘എ’ മേഖലയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിലായിരിക്കും ഔദ്യോഗിക ഉപയോഗത്തിന് ഹിന്ദി നിർബന്ധമാക്കുന്നത്. ഹിന്ദി കാര്യമായി ഉപയോഗത്തിലില്ലാത്ത ബി, സി. മേഖലകളിൽപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധമാക്കിയ നിർദേശം ബാധകമാവില്ല. ഇംഗ്ലീഷിനുപകരം ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്നും എംപിമാർ വിശദീകരിച്ചു.
ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കേന്ദ്രഭരണപ്രദേശങ്ങളായ ഡൽഹി, അന്തമാൻ നിക്കോബാർ തുടങ്ങിയവയാണ് എ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഢ്, ദമൻ ദിയു, ദദ്ര നഗർ ഹവേലി തുടങ്ങിയവ ബി മേഖലയിലും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ബംഗാൾ, അരുണാചൽപ്രദേശ്, അസം, ഗോവ, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡിഷ, സിക്കിം, ത്രിപുര, കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീർ, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയവ സി മേഖലയിലുമാണ്.

