നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ; എൽദോസ് കുന്നപ്പിളളിക്കെതിരെ നടപടി സ്വീകരിക്കാൻ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കർ

തിരുവനന്തപുരം: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. പീഡന കേസിൽ എൽദോസ് കുന്നപ്പിളളിൽ എംഎൽഎയ്ക്കെതിരായ നിയമ നടപടിയ്ക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും. പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം സ്പീക്കറെ അറിയിക്കണമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുളളത്. ജനപ്രതിനിധികൾ പൊതുവെ പാലിക്കേണ്ട ചില നിയമങ്ങളുണ്ട് അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. എൽദോസ് കുന്നപ്പിളളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. സ്ത്രീപക്ഷ നിലപാട് തന്നെ കോൺഗ്രസ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.

തന്നെഎൽദോസ് കുന്നപ്പിള്ളി എംഎൽഎ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റംകൂടി ചുമത്തിയിട്ടുണ്ട്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നേരത്തെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.