ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അജണ്ട; ഏറ്റുമുട്ടലിനില്ല: മന്ത്രി ബിന്ദു

കേരള സര്‍വ്വകലാശാല സെനറ്റ് യോഗം അടുത്ത മാസം നാലിന് വീണ്ടും ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. ക്വാറം തികയ്ക്കാതെ സെനറ്റ് യോഗം പിരിഞ്ഞതില്‍ വിവരങ്ങള്‍ തേടി ഗവര്‍ണര്‍ വി സിക്ക് കത്ത് അയച്ചിരുന്നു.

‘ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല. സര്‍ക്കാര്‍ ഗവര്‍ണറോട് മാന്യത കാണിക്കുന്നുണ്ട്. സര്‍ക്കാര്‍ സംയമനം പാലിക്കുകയാണ് ചെയ്യുന്നത്. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സര്‍വകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ട്. സര്‍വകലാശാല നിയമഭേദഗതി ബില്‍ തടഞ്ഞുവച്ചയാളാണ് ഗവര്‍ണര്‍’- മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, 13 ചാന്‍സലര്‍ നോമിനികളില്‍ രണ്ട് പേര്‍ മാത്രമാണ് സെനറ്റ് യോഗത്തിന് എത്തിയത്. യോഗത്തില്‍ നിന്ന് വിട്ടു നിന്ന ഗവര്‍ണറുടെ നോമിനികള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. വി സി അടക്കം 13 പേര്‍ മാത്രമാണ് നിര്‍ണായക സെനറ്റ് യോഗത്തിനെത്തിയത്. 21 അംഗങ്ങള്‍ എത്തിയാല്‍ ക്വാറം തികയുമെന്നിരിക്കെയാണ് ചാന്‍സലര്‍ നോമിനികള്‍ വിട്ടു നിന്നത്.