ഖാര്‍ഗെയുടെ കരങ്ങളില്‍ പാര്‍ട്ടി സുരക്ഷിതമാകും; പരസ്യ പിന്തുണയുമായി ജി-23 നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണയുമായി ജി-23 നേതാക്കള്‍. ‘ഖാര്‍ഗെയുടെ കരങ്ങളില്‍ പാര്‍ട്ടി സുരക്ഷിതമായിരിക്കുമെന്നും പാര്‍ട്ടിയെ സ്ഥിരതയോടെ മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുന്നവരാകണം അധ്യക്ഷ പദത്തിലെത്താനെന്നും മനീഷ് തിവാരി പറഞ്ഞു. ഖാര്‍ഗെക്ക് അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശശി തരൂരിന്റെ പ്രസ്താവനകളില്‍ ഖാര്‍ഗെ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല. ഗാന്ധി കുടുംബത്തിന്റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും ശക്തമായ പ്രചാരണം തുടരുകയാണ്. ഖാര്‍ഗെ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാര്‍ഗെ കൂടികാഴ്ച നടത്തും. അതേസമയം ശശി തരൂര്‍ ഇന്ന് വോട്ടുതേടി മധ്യപ്രദേശിലും ബിഹാറിലുമാണ് പ്രചാരണം നടത്തുന്നത്.