തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി കെ കെ രമ. എൽദോസ് കുന്നിപ്പിള്ളി എംഎൽഎ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമികതയല്ലെന്നും എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടതെന്നും രമ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ കെ രമയുടെ പ്രതികരണം.
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്. ക്രിമിനൽ കേസുകളിലുൾപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങൾ നിർവ്വഹിക്കുന്ന ചുമതലകളിൽ നിന്ന് മാറി നിൽക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാർമ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ടെന്ന് രമ ചൂണ്ടിക്കാട്ടി.
സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ട്. എതിരാളികളിൽപ്പെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും തങ്ങളിൽ പെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് രമ അഭിപ്രായപ്പെട്ടു.
സമാനമായ ഒരാരോപണവും കേസും നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല.എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോൺഗ്രസ്/യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂർവ്വവും ആകേണ്ടതുണ്ടെന്നും രമ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്. ക്രിമിനൽ കേസുകളിലുൾപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങൾ നിർവ്വഹിക്കുന്ന ചുമതലകളിൽ നിന്ന് മാറി നിൽക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാർമ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.
സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ട്.
എതിരാളികളിൽപെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും തങ്ങളിൽ പെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
സമാനമായ ഒരാരോപണവും കേസും നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല.എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോൺഗ്രസ്/യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂർവ്വവും ആകേണ്ടതുണ്ട്.

