തിരുവനന്തപുരം: കേരളത്തില് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകള്ക്ക് ഇന്ത്യന് നഴ്സിംഗ് കൗണ്സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു.
‘ബി.എസ്.സി നഴ്സിംഗ് കോഴ്സാണ് ഇവിടെ ആരംഭിക്കുന്നത്. ഓരോ നഴ്സിംഗ് കോളേജിലും 60 വിദ്യാര്ത്ഥികള് വീതം 120 പേര്ക്ക് ഈ ബാച്ചില് പ്രവേശനം നല്കാനാകും. ഈ അധ്യയന വര്ഷം തന്നെ ക്ലാസുകള് ആരംഭിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ്’- മന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ജൂലൈയിലാണ് കൊല്ലം, മഞ്ചേരി മെഡിക്കല് കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാന് മന്ത്രിസഭായോഗം അനുമതി നല്കിയത്. ഈ നഴ്സിംഗ് കോളേജുകള്ക്കായി 36 അധ്യാപക അനധ്യാപക തസ്തികകള് സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. നഴ്സിംഗ് കോളേജുകള് ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള് പൂര്ത്തിയാവുന്നുണ്ട്. ഈ നഴ്സിംഗ് കോളേജുകളുടെ മേല്നോട്ടത്തിനായി ജെ.ഡി.എന്.ഇ. ആയ ഡോ. സലീന ഷായെ സ്പെഷ്യല് ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

