സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്ക്ക് നികുതി അടയ്ക്കാന് സാവകാശം അനുവദിച്ച് സര്ക്കാര്. കോണ്ട്രാക്ട് കാര്യേജുകളുടെ ത്രൈമാസ നികുതി പിഴ കൂടാതെ നവംബര് 15 വരെ സ്വീകരിക്കും.
അതേസമയം, നിറം മാറ്റാന് സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള് സര്ക്കാരിനെ സമീപിച്ചു. ഒറ്റദിവസംകൊണ്ട് നിറം മാറ്റുക അപ്രായോഗികമാണെന്ന് സംഘടനാനേതാക്കള് അറിയിച്ചു. കോടതി വിധി ദുര്വ്യാഖ്യാനം ചെയ്താണ് സര്ക്കാര് ഏകീകൃത നിറം നിര്ബന്ധമാക്കിയതെന്ന് കോണ്ട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പ്രശാന്തന് വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില് കക്ഷി ചേരും. നിറംമാറ്റുന്നതിന് എതിര്പ്പില്ല. ഒരു ബസ് നിറംമാറ്റാന് കുറഞ്ഞത് മൂന്നാഴ്ചവേണം. 1.20 ലക്ഷം രൂപ ചെലവും വരുംമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംഘടന സമീപിച്ചിട്ടുണ്ട്.
എന്നാല്, 2022 ജൂണ് മുതലാണ് ഏകീകൃത നിറം ഏര്പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര് ചെയ്യുന്ന പുതിയ ബസുകള്ക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നവയ്ക്കും വെള്ള നിറം അടിക്കേണ്ടിവരും. നിലവില് ഫിറ്റ്നസ് ഉള്ളവയ്ക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തില് തുടരാം. വിവാഹം, തീര്ഥാടനം, സ്കൂള്, കോളേജ് വിനോദയാത്രകള് എന്നിവയ്ക്ക് ഓടിയിരുന്ന ബസുകളാണ് കളര്കോഡ് പാലിക്കാതിരുന്നത്.

