ചന്ദ്രനിലെ സോഡിയം സാന്നിധ്യം; നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ രണ്ട്

ചന്ദ്രനിലെ സോഡിയം സാന്നിധ്യത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകൾ. ചന്ദ്രയാൻ രണ്ട് ആണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയത്. മുൻ അനുമാനങ്ങളെക്കാൾ കൂടുതൽ അളവ് സോഡിയം ചന്ദ്രനിലുണ്ടെന്നാണ് ചന്ദ്രയാൻ രണ്ട് വ്യക്തമാക്കുന്നത്. ചന്ദ്ര പര്യവേഷണ പേടകത്തിലെ ക്ലാസ് എന്ന എക്‌സ് റേ സ്‌പെക്ട്രോമീറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പഠനം.

ഉപരിതരത്തിൽ പരന്ന് കടക്കുന്ന അവസ്ഥയിലും ചന്ദ്രന്റെ ധാതുഘടനയുടെ ഭാഗമായ അവസ്ഥയിലും എന്നിങ്ങനെ സോഡിയം ചന്ദ്രനിലുള്ളത് രണ്ട് അവസ്ഥയിലാണെന്നാണ് കണ്ടെത്തൽ.

ഉപരിതലത്തിൽ പരന്ന് കിടക്കുന്ന സോഡിയം കണങ്ങൾ സൂര്യവികരണം ഏൽക്കുമ്പോൾ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. ചന്ദ്രോപരിതലവും ചന്ദ്ര ബാഹ്യമണ്ഡലവും തമ്മിലുള്ള ഇടപെടൽ എങ്ങനെയെന്നതിൽ വ്യക്തത വരുത്താൻ പുതിയ കണ്ടെത്തലിന് കഴിയുന്നതാണെന്ന് ഗവേഷകർ അറിയിച്ചു. ബുധൻ അടക്കമുള്ള ഗ്രഹങ്ങളുടെയും മറ്റ് അന്തരീക്ഷ രഹിത ആകാശ ഗോളങ്ങളുടെയും ബാഹ്യമണ്ഡലത്തെ പറ്റിയുള്ള ഭാവി പഠനങ്ങൾക്കും ചന്ദ്രന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും ഈ കണ്ടെത്തൽ സഹായകമാകും.