ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. രണ്ട് വാളുകളും പരിചയുമാണ് ഷിൻഡെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്. അന്ധേരി (കിഴക്ക്) ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചിഹ്നം അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
2004-ൽ രജിസ്റ്റർ ചെയ്ത ‘പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ ചിഹ്നത്തിന് സാമ്യമുള്ളതാണ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച ചിഹ്നമെന്നും തർക്കത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഇത് സ്വതന്ത്ര ചിഹ്നമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ചിഹ്നം അനുവദിച്ചിരുന്നു. തീപ്പന്തമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നമായി അനുവദിച്ചത്. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരും ഈ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
ഷിൻഡെ വിഭാഗം ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു. പുതിയ ചിഹ്നം സമർപ്പിക്കാനും ഷിൻഡെ വിഭാഗത്തോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബാലസാഹേബാൻജി ശിവസേന എന്നാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കമ്മീഷൻ അനുവദിച്ച പേര്. ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്നും കമ്മീഷൻ അറിയിച്ചിരുന്നു.

