തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകനാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഭവ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നിൽ അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന് മുമ്പിൽ നാടിന്റെ പ്രതിച്ഛായ തകർന്നു കഴിഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നവോത്ഥാന മതിൽകെട്ടിയ സിപിഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഎം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. ശക്തമായ നടപടി ആവശ്യമാണ്. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം അറിയിച്ചു.

