മലപ്പുറം: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഡൽഹി മണ്ഡോലി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 27കാരന്റെ മൃതദേഹം മലപ്പുറത്തെത്തിച്ചു. കരിപ്പൂർ വിമാനത്തവളം വഴിയാണ് ഡൽഹി മണ്ഡോലി ജയിലിൽ വിചാരണയിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാത്തൊടി മുഹമ്മദ് അമീന്റെ (27) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തലയിലുണ്ടായ രക്തസ്രാവമാണ് യുവാവിന്റെ മരണ കാരണം. ഒരു വർഷത്തോളമായി അമീൻ ജയിലിൽ കഴിയുകയാണ്.
കേസിൽ അമീനിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിട്ടുള്ളത്. തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമീനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയ്ക്കകത്ത് രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് അമീൻ ജയിലിലേക്ക് മടങ്ങുകയായിരുന്നു.
2021 മാർച്ച് മാസമാണ് അമീൻ അറസ്റ്റിലാകുന്നത്. തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. 5000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ കോടതിയിൽ സമർപ്പിച്ചിരുന്നത്. ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കെതിരെ എൻഐഎ കുറ്റപത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ ഐഎസിനായി ആശയ പ്രചാരണം നടത്തിയെന്നും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 2020 ൽ ഇയാൾ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

