ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട; മന്ത്രിമാരെക്കുറിച്ച് വെളിപ്പെടുത്തണമെന്നും എ.കെ ബാലനോട് കെ.സി ജോസഫ്

കോട്ടയം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നെന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നുവെന്നുമുള്ള സിപിഎം നേതാവ് എകെ ബാലന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് രംഗത്ത്.

‘ഓലപ്പാമ്പിനെക്കാട്ടി ആരെയും ഭയപ്പെടുത്താന്‍ നോക്കേണ്ട. ഭാര്യമാരെ കൂട്ടി വിദേശ യാത്ര പോയ മന്ത്രിമാരെക്കുറിച്ച് വെളിപ്പെടുത്താന്‍ എ.കെ ബാലനെ വെല്ലുവിളിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാര്‍ ചെലവില്‍ ഏതെല്ലാം മന്ത്രിമാര്‍ എത്ര തവണ വിദേശയാത്ര നടത്തിയതെന്നും അവര്‍ ഏതെല്ലാം തീയതികളില്‍ ഏതെല്ലാം രാജ്യങ്ങളിലാണ് പോയതെന്നും ഏതെല്ലാം യാത്രകളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു എന്നുമുള്ള കാര്യം ബാലന്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശ യാത്ര സംബന്ധിച്ച് ഉണ്ടായ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ബോധ്യമായതു കൊണ്ടാവാം ബാലന്‍ പ്രത്യാരോപണങ്ങളുമായി ആ യാത്രയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ഒന്നുകില്‍ ബാലന്‍ ആരോപണത്തില്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. അതല്ലെങ്കില്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണം’- കെ.സി ജോസഫ് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ് സന്ദര്‍ശനത്തില്‍ കുടുംബാഗങ്ങളെ കൂടെ കൂട്ടിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന് കെ സുധാകരനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെയാണ് എ.കെ ബാലന്‍ യാത്രയെ പിന്തണച്ചെത്തിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരു മന്ത്രി ഇരുപത്തിമൂന്ന് തവണയും മറ്റൊരു മന്ത്രി പതിനാറു തവണയും വിദേശയാത്ര നടത്തിയെന്നും അതില്‍ പന്ത്രണ്ട് തവണയും ഭാര്യമാര്‍ കൂടെ ഉണ്ടായിരുന്നു എന്നുമാണ് ബാലന്‍ ആരോപിച്ചത്. ഈ ആരോപണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് മുന്‍ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്.