കീവില്‍ വന്‍ സ്ഫോടന പരമ്പര; റഷ്യ 75 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി യുക്രൈന്‍

കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്ത യുക്രൈന്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന മോസ്‌കോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്ന് രാവിലെ കീവില്‍ വന്‍ സ്ഫോടന പരമ്ബര. 75 മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ നടത്തിയതായാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ വെളിപ്പെടുത്തിയത്.

അതേസമയം, ‘രാജ്യം ഭീകരപ്രവര്‍ത്തകരെ നേരിടുകയാണ്. ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. രാജ്യത്ത ഊര്‍ജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യം. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണം’- യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. റഷ്യ ഭൂമിയില്‍ നിന്ന് യുക്രൈനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും സെലന്‍സ്‌കി നേരത്തെ ആരോപിച്ചിരുന്നു.

മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് യുക്രെയിന്‍ തലസ്ഥാനത്ത് റഷ്യന്‍ ആക്രമണം ഉണ്ടാവുന്നത്. യുക്രൈനിന്റെ പ്രധാന നഗരങ്ങളിലൊന്നായ സാപൊറീഷ്യയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 20 വീടുകളും 50 അപ്പാര്‍ട്ട്മെന്റുകളും തകര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് നടന്ന റഷ്യന്‍ ആക്രമണത്തില്‍ 19 പേരും കൊല്ലപ്പെട്ടിരുന്നു.