തിരുവനന്തപുരം: വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വലിയതോതിൽ ലഹരി വിൽപ്പന നടക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കൂടുതൽ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കാൻ ലഹരിമാഫിയ ശ്രമിക്കുന്നുവെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. വിദ്യാലയങ്ങളുടെ പരിസരത്ത് മിഠായികൾ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളുടെ രൂപത്തിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്നും അധികൃതർ സംശയിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ എക്സൈസും ആരോഗ്യവകുപ്പും ചേർന്ന് പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയുടെ രാസപരിശോധന ഫലം വരുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും ഉൾപ്പെടെയുളള വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി വിവരം നൽകാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് ഉപയോഗിക്കാമെന്ന് നേരത്തെ പോലീസ് അറയിച്ചിരുന്നു.
വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ പോൽ-ആപ്പിൽ രേഖപ്പെടുത്തില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പോൽ -ആപ്പിലെ സർവ്വീസസ് എന്ന വിഭാഗത്തിൽ മോർ സർവ്വീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ടു അസ് എന്ന വിഭാഗത്തിൽ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. ഇത്തരത്തിൽ ഏത് വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം.

