ശ്രീനഗർ: ശശി തരൂർ തനിക്ക് ശത്രുവല്ലെന്ന് മല്ലികാർജുൻ ഖാർഗെ. ശശി തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്റേയും പാർട്ടിയുടേയും വളർച്ചയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനഗറിൽ വെച്ച് പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതൊരു ആഭ്യന്തര തെരഞ്ഞെടുപ്പാണ്. വീട്ടിലെ രണ്ടു സഹോദരങ്ങളെ പോലെയാണ്, അവർ തമ്മിൽ പോരടിക്കില്ല. എന്നാൽ അവരുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അവർ പരമാവധി ശ്രമിക്കും. ഞാൻ എന്ത് ചെയ്യുന്നു എന്നത് ചോദ്യമല്ല. ഞങ്ങൾ ഒന്നിച്ച് രാജ്യത്തിനും പാർട്ടിക്കും വേണ്ടി എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. താൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു അല്ലെങ്കിൽ മറ്റൊരാൾ അങ്ങനെ ചെയ്തു എന്ന സംസാരം നമുക്ക് ഒഴിവാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നിച്ച് പാർട്ടിയെ എങ്ങിനെ ശക്തിപ്പെടുത്താം, രാജ്യത്തെ ഭരണഘടനയെ, ജനാധിപത്യത്തെ എങ്ങനെ സംരക്ഷിക്കാം, അതാണ് ചോദ്യം. രാജ്യത്തെ നിലവിലെ സാഹചര്യം ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ്. സമാധാനം കൊണ്ടും ഒത്തൊരുമ കൊണ്ടും ഇത് നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

