ലഹരി മരുന്ന് കടത്ത്; പിന്നിൽ ഹാജി സലിം എന്ന പാക് മാഫിയയെന്ന് എൻസിബി

കൊച്ചി: ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ഹാജി സലിം എന്ന പാക് മാഫിയയിലൂടെ അതിർത്തി കടന്നെത്തുന്നത് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നാണെന്ന് എൻസിബി കണ്ടെത്തി. ഈ വർഷം ഫെബ്രുവരിയിൽ 750 കിലോഗ്രാം ലഹരിമരുന്നാണ് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയത്. ഇതിന് പിന്നിൽ പാകിസ്താൻ മാഫിയയാണെന്ന് എൻസിബി അറിയിച്ചു.

ഹെറോയിനും മെത്താഫെറ്റമിനും ചരസും ഉൾപ്പെടുന്ന ലഹരി മരുന്ന് പിടികൂടിയതിന് പിന്നിലും ഈ സംഘം തന്നെയാണ്. ഇറാൻ ബോട്ടാണ് ലഹരിക്കടത്തിനായി ഉപയോഗിച്ചത്. കൊച്ചി തീരത്ത് നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ 200 കിലോഗ്രാം ഹെറോയിനിലും അന്വേഷണം നീളുന്നത് ഹാജി സലിം ശൃംഖലയിലേക്കാണ്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇവർവഴിയുള്ള ലഹരിമരുന്നുകടത്ത് വർഷങ്ങളായി തുടരുകയാണെന്നും എൻസിബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ്) സഞ്ജയ് കുമാർ സിങ് വ്യക്തമാക്കി.

ഇത്തരത്തിൽ കടത്തുന്ന ലഹരി മരുന്നുകൾ അഫ്ഗാനിൽ നിന്നാണ് എത്തിക്കുന്നത്. പാക് മത്സ്യബന്ധനബോട്ടുകളിലെത്തിക്കുന്ന ലഹരിമരുന്ന് പിന്നീട് ഇറാൻ ബോട്ടുകളിലേക്കു മാറ്റും. നടുക്കടലിൽവെച്ച് രണ്ടോ മൂന്നോ തവണ ബോട്ടുകൾ മാറിയാണ് ഇവ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതെന്നും എൻസിബി കണ്ടെത്തി.