ലണ്ടൻ: ലണ്ടനിൽ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
അതേസമയം, തിങ്കളാഴ്ച്ച കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. ചൊവ്വാഴ്ച്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

