കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് വകുപ്പു തല റിപ്പോർട്ട്; കടുത്ത നടപടി സ്വീകരിക്കുമെന്ന് വിവരം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന വകുപ്പു തല റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര വകുപ്പ്. കഞ്ചാവ് കടത്തൽ ഉൾപ്പെടെ ജയിലിൽ നടന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം ജയിൽ വകുപ്പ് അന്വേഷണം നടത്തിയത്.

സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും ക്രമക്കേടുകളും സുരക്ഷാവീഴ്ചയും കണ്ടെത്തിയിട്ടുണ്ടെങ്കിലും കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തര വകുപ്പിന് സൂപ്രണ്ടുമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം ജയിൽ ഡിജിപി ഈ റിപ്പോർട്ട് കൈമാറി. അതേസമയം, കാസർകോട്ട് നിന്നും പച്ചക്കറി കയറ്റികൊണ്ടുവന്ന ഓട്ടോറിക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിനകത്ത് കഞ്ചാവ് കടത്തിയ സംഭവത്തിൽ ആഭ്യന്തരവകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി യൂറോപ്യൻ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയാൽ വിഷയത്തിൽ നടപടി സ്വീകരിക്കും.

കണ്ണൂർ സെൻട്രൽ ജയിലിലെ അടുക്കളയിലെ സ്റ്റോർ റൂമിൽ നിന്നാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ താത്ക്കാലിക ജയിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.