അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയലാർ അവാർഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നൽകിയതിനെതിരെ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനു മുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്. ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി. ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരുതാനാവൂ. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡു കിട്ടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതി. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്.

ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി. ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയത്. ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരുതാനാവൂ .

മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല.