തലസ്ഥാനത്ത് കോടിയേരിയുടെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഎം

തിരുവനന്തപുരം: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയില്‍ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാന്‍ തീരുമാനിച്ചത് ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും ഇക്കാര്യം വിശദീകരിച്ചിരുന്നു. കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തെ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് എത്തിക്കാതിരുന്നതു പാര്‍ട്ടിക്കാരെയുള്‍പ്പെടെ അദ്ഭുതപ്പെടുത്തിയിരുന്നു.

അതേസമയം, ‘ദീര്‍ഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. അതിനാലാണ് മരണശേഷം ദീര്‍ഘയാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഏറ്റവും വിദഗ്ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങള്‍ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാര്‍ട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ മറികടക്കാന്‍ ശ്രമിക്കും’- സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.