തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ. രാത്രികാല സ്കൂൾ, കോളേജ് വിനോദയാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഗതാഗത കമ്മീഷണറോട് വിശദീകരണം തേടിയത്. വിഷയത്തിൽ നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയടിച്ച് ഒൻപത് പേർ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പരാതി സമർപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് സ്കൂൾ, കോളേജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു.
വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും. ഇത്തരം പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഓവർ സ്പീഡും മയക്കവും ഡ്രൈവർമാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളിൽ വർധിക്കുന്നത് പതിവാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിമാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

