വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഉടമ അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഉടമയായ അരുണിനെ അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് അരുണിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബസ് അമിത വേഗതയിലാണെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് നടപടി.

പല തവണ ബസിന്റെ അമിതവേഗം സംബന്ധിച്ച് ഉടമയുടെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്നാണ് നേരത്തെ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് ഐപിഎസ് വ്യക്തമാക്കിയിരുന്നത്. ബസ് ഡ്രൈവർ ജോമോന് രക്ഷിപ്പെടാനുള്ള സൗകര്യവും ഇയാൾ ചെയ്ത് നൽകിയിരുന്നു.

അതേസമയം, വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേരാണ് മരിച്ചത്. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ബുധനാഴ്ച്ചയാണ് അപകടം ഉണ്ടായത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ലൂമിനസ് എന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ്.