സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നത്.

അതേസമയം, ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂവെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിട്ടുണ്ട്. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.

യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.