ന്യൂഡല്ഹി: പാലക്കാട്ടെ വടക്കഞ്ചേരിയിലുണ്ടായ ബസ് അപകടത്തില് മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും പരിക്കേറ്റവര്ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില് നിന്നാണ് തുക നല്കുക.
അപകടത്തില് പ്രധാനമന്ത്രി അതീവ ദു:ഖം രേഖപ്പെടുത്തി. ജീവന് പൊലിഞ്ഞവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവര് വേഗത്തില് സുഖം പ്രാപിക്കാന് പ്രാര്ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാഷ്ട്രപതി ദ്രൗപദി മുര്മുവും ദുഃഖം രേഖപ്പെടുത്തി. ‘സ്കൂള് കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകള് നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവര് അതിവേഗം സുഖംപ്രാപിക്കട്ടെ” രാഷ്ട്രപതി ട്വിറ്ററില് കുറിച്ചു.

