രാജ്യത്തെ ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണില്‍ പ്രവേശിച്ചാല്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്.
ആദ്യ ഘട്ടത്തില്‍ യുഎസ്, റഷ്യ, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ സോവ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഫോണില്‍ കയറിക്കൂടിയാലുടന്‍ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന തരത്തിലുള്ള രീതിയാണ് സോവ വൈറസിന് ഉള്ളത്.
ചില വ്യാജ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴിയാണ് പ്രധാനമായും ഫോണുകളിലേക്ക് സോവ പ്രവേശിക്കുന്നത്. ഗൂഗിള്‍ ക്രോം, ആപ്പിള്‍, എന്‍എഫ്ടി ആപ്പുകള്‍ എന്നിവയുടെ ലോഗോയുടെ മറവിലാണ് ഇവയുടെ പ്രവര്‍ത്തനം. അതേസമയം, ബാങ്കുകളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എസ്എംഎസുകളും ലിങ്കുകളും ഫോണുകളിലേക്ക് എത്തും. നെറ്റ് ബാങ്കിംഗ് ആപ്പുകളില്‍ ഉപയോക്താക്കള്‍ നല്കുന്ന പാസ്വേഡ്, യൂസര്‍ നെയിം എന്നിവ ചോര്ത്തിയതിനുശേഷമാണ് അക്കൗണ്ടുകളിലെ പണം തട്ടുന്നത്.

