എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം; നിരാഹാരം തുടര്‍ന്ന് ദയാബായി

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യവുമായി സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ മൂന്നു ദിവസമായി അനിശ്ചിതകാല നിരാഹാരസമരം നടത്തി വരികയാണ്. നിരാഹാരസമരത്തിലായിരുന്ന അവരുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റുകയും എന്നാല്‍, വൈകാതെ അവര്‍ മടങ്ങിയെത്തി സമരം തുടരുകയുമായിരുന്നു.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്ന സര്‍ക്കാര്‍ ദുരിതബാധിതരുടെ ആരോഗ്യപ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദയാബായി പറഞ്ഞു. ചികിത്സ കിട്ടാതെ കഴിഞ്ഞമാസം കാസര്‍കോട് മരിച്ചത് 4 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ്. ഈ മാസം മാത്രം രണ്ടുകുട്ടികള്‍ മരിച്ചു.

അതേസമയം, മറ്റന്നാള്‍ സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്താനാണ് സമരസമിതി തീരുമാനം. പ്രതിപക്ഷനേതാവ് വി.ഡി സതീശനെ സമരസ്ഥലത്ത് എത്തിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക. മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് സരസമിതിയുടേയും ദയാബായിയുടേയും പ്രധാന ആവശ്യം.