ജമ്മുകശ്മീരിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും; അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിൽ കാര്യങ്ങൾ മാറുകയാണെന്നും പുതിയ നിക്ഷേപങ്ങൾ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കശ്മീരിലെ ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായി. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും സുരക്ഷയും അദ്ദേഹം വിലയിരുത്തി.

എന്നാൽ, അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി രംഗത്തെത്തി. മുഫ്തി വീട്ട് തടങ്കലിലല്ലെന്നും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ജമ്മു കശ്മീർ പോലീസ് വിശദീകരിച്ചു.

കശ്മീരിലെ പഹാടി വിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉടൻ ലഭ്യമാക്കുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കം സംവരണം ലഭിക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രരംഭ പ്രവർത്തനമെന്നോണമാണ് റാലി സംഘടിപ്പിച്ചത്. സംവരണം നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ റിസർവേഷൻ നിയമത്തിൽ ഉടൻ ഭേദഗതി വരുത്തുമെന്നും ലഫ്റ്റനന്റ് ഗവർണർ ചുമതലപ്പെടുത്തിയ കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പഹാടി എന്നിവർക്കെല്ലാം അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.