ന്യൂഡൽഹി: രാജ്യവ്യാപകമായി റെയ്ഡ് നടത്തി സിബിഐ. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികളെ കണ്ടെത്താനായാണ് സിബിഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാജ്യത്താകെ 105 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് സിബിഐ അറിയിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്.
ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് സൈബർ കുറ്റവാളികൾക്കെതിരെ സിബിഐ പരിശോധന നടത്തുന്നത്. ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ കണ്ടെത്തി. 300ഓളം പ്രതികൾ നിരീക്ഷണത്തിലുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.
ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ, അസം, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പല ഡിജിറ്റൽ തെളിവുകളും സംഘം ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്നും സിബിഐ വൃത്തങ്ങൾ വിശദീകരിച്ചു.

