മല്ലികാർജ്ജുന ഖാർഗെക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചു; കെ സുധാകരനെതിരെ അതൃപ്തി രേഖപ്പെടുത്തി ശശി തരൂർ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അതൃപ്തി രേഖപ്പെടുത്തി ശശി തരൂർ എംപി. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഗെക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചതിലാണ് സ്ഥാനാർത്ഥിയായ ശശി തരൂർ അതൃപ്തി രേഖപ്പെടുത്തിയത്.

മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തിൽ പര്യടനത്തിയപ്പോൾ ശശി തരൂർ വ്യക്തമാക്കി. അതേസമയം, പിസിസി അധ്യക്ഷന്മാർ പരസ്യനിലപാട് എടുക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി മാർഗ നിർദ്ദേശം വരും മുമ്പാണ് കെ.സുധാകരന്റെ പ്രസ്താവനയെന്നാണ് കെപിസിസി നൽകുന്ന വിശദീകരണം.

എന്നാൽ, അങ്ങനെയാണെങ്കിൽ മാർഗ്ഗ നിർദ്ദേശം വന്ന സാഹചര്യത്തിൽ സുധാകരൻ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേയെന്നാണ് തരൂരിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. ആദ്യം തരൂരിന് മനസാക്ഷി വോട്ടിന് കെപിസിസി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തിരുന്നു. പിന്നീടുള്ള ഇദ്ദേഹത്തിന്റെ നിലപാട് മാറ്റമാണ് ചർച്ചകൾക്ക് വഴിവെച്ചത്.

എഐസിസിയ്ക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും പാർട്ടി ദേശീയ നേതൃത്വം ഖാർഗെക്കായി സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് ആരോപണം.