വനിതാ ടി-20 ലോകകപ്പ്: ഇന്ത്യാ-പാക് പോരാട്ടം ഫെബ്രുവരി 12ന്

ദുബൈ: അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്.

ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്‌, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളാണുള്ളത്.

ഫെബ്രുവരി 11ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങുക. ഫെബ്രുവരി 11ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പോരാട്ടത്തിന് ഇറങ്ങും. ഫെബ്രുവരി 12നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.