ഒമാനില്‍ കുടുങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കും; ഉറപ്പ് നൽകി വി മുരളീധരൻ

മസ്‌കത്ത്: ഒമാനിൽ സന്ദർശനം നടത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഒമാനിലെത്തിയത്. തൊഴിൽ തട്ടിപ്പിന് ഇരയായി ഒമാനിൽ കുടുങ്ങി കിടക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം സന്ദർശന വേളയിൽ ഉറപ്പ് നൽകി. ഇന്ത്യയിൽ നിന്നും തൊഴിൽ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവൻ ഇന്ത്യക്കാരായ പ്രവാസികളുടെയും അവർ നേരിടുന്ന മറ്റു വിവിധ പ്രശ്നങ്ങളും അത് പരിഹരിക്കുവാൻ ഒമാൻ ഭരണാധികാരികൾ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാൻ കഴിയും വിധമുള്ള നടപടികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ആവശ്യമായ ചർച്ചകൾ നടത്തുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ഗാർഹിക തൊഴിലാളികൾ നേരിടുന്ന പ്രശ്ങ്ങൾ എംബസ്സിയുടെ അറിവിൽ ഉള്ള വിഷയമാണ്, ഇതിൽ ഇന്ത്യൻ എംബസിയും ഒമാൻ ഭരണകൂടവും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് കൂടുതൽ ശക്തിപ്പെടുത്തുവാൻ എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്നുള്ളത് കൂടി സന്ദർശനത്തിനിടയിൽ ചർച്ച ചെയ്യും. കോവിഡ് കാലഘട്ടത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇത്തരത്തിലുള്ള യാത്രകൾ പൊതുവെ വളരെ കുറഞ്ഞുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ സ്വാഭാവികമായും ഈ ഗണത്തിലുള്ള യാത്രക്കാരുടെ എണ്ണം വർദ്ധച്ചു. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാട്ടിൽ നിന്നും ഇന്ത്യക്കാരായ ആൾക്കാർ തന്നെയാണ് ഇത്തരത്തിൽ ഗാർഹിക തൊഴിലാളികളെ കബിളിപ്പിച്ചു ഒമാനിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനെതിരെ നമ്മുടെ രാജ്യത്തിന്റെയും, പോലീസിന്റെയും അതുപോലെ ബന്ധപ്പെട്ട ഏജൻസികളുടെയും കൂടുതൽ സജീവമായിട്ടുള്ള ഒരു നിരീക്ഷണം ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.