മികച്ച ഓപ്പണിംഗ് കളക്ഷനുമായി ‘പൊന്നിയിന്‍ സെല്‍വന്‍’

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടന്നതയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

‘ആഗോളതലത്തില്‍ ‘പൊന്നിയിന്‍ സെല്‍വന്’ എക്കാലത്തെയും വലിയ ഓപ്പണിംഗ് ദിനം നല്‍കിയതിന് നന്ദി’ എന്ന് ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, വേള്‍ഡ് വൈഡ് കളക്ഷനില്‍ മികച്ച തുടക്കം സ്വന്തമാക്കിയ ചിത്രത്തിന് തമിഴ്‌നാട്ടിലേക്ക് വരുമ്‌ബോള്‍ ‘ബീസ്റ്റി’നെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. 25.86 കോടിയാണ് ചിത്രം തമിഴ് നാട്ടില്‍ കളക്ട് ചെയ്തത്‌. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ തമിഴ് നാട്ടില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി കളക്ഷനുമായി ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 26.40 കോടിയുമായി ‘ബീസ്റ്റ്’ രണ്ടാം സ്ഥാനത്തുണ്ട്.

അതേസമയം, ‘വിക്രമി’നെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. തമിഴ്നാടിന് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 15 കോടിയോളം രൂപയും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 20 കോടിയുമാണ് ആദ്യ ദിനത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ കളക്ട് ചെയ്തിട്ടുള്ളത്.