കോടിയേരി ബാലകൃഷ്ണന് വികാരാധീനനായി യാത്രയയപ്പ് നൽകി മുഖ്യമന്ത്രി; കണ്ഠമിടറി അനുശോചന പ്രസംഗം

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന് വികാരാധീനനായി യാത്രയയപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ഠമിടറിയാണ് അദ്ദേഹം അനുശോചന യോഗത്തിൽ സംസാരിച്ചത്. തന്റെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹം അനുശോചന യോഗത്തിൽ നിന്നും മടങ്ങിയത്. കോടിയേരിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം എളുപ്പം പരിഹരിക്കാനാവുന്നല്ലെന്നും കൂട്ടായ പരിശ്രമത്തിലൂടെ അത് നികത്താനാണ് ശ്രമിക്കുകയെന്നും അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരിയുടെ വിലാപ യാത്രയിലും മുഖ്യമന്ത്രി പങ്കെടുത്തു. രണ്ടര കിലോമീറ്റർ ദൂരമാണ് മുഖ്യമന്ത്രി പങ്കെടുത്തത്. പയ്യാമ്പലത്തെത്തിച്ച കോടിയേരിയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴും ശവമഞ്ചം ചുമലിലേറ്റാൻ പിണറായി മുൻനിരയിലുണ്ടായിരുന്നു. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എംഎ ബേബി തുടങ്ങിയ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും ശവമഞ്ചം ചുമലിലേറ്റി നടന്നു.

ശനിയാഴ്ച രാത്രിയിൽ യൂറോപ്യൻ യാത്ര നടത്താനിരിക്കവെയാണ് പിണറായി കോടിയേരിയുടെ അവസ്ഥ അറിയുന്നത്. കോടിയേരിയുടെ ആരോഗ്യനില വഷളായിരിക്കുന്നു. ഉടൻ തന്നെ യൂറോപ്പ് സന്ദർശനം മാറ്റിവെക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കോടിയേരിയെ കാണാനായി ചെന്നൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാൽ അതിനു മുൻപ് ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ വിയോഗവാർത്തയെത്തി.

ചെന്നൈ അപ്പോളോയിൽ നിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ തലശ്ശേരിയിലെത്തിച്ചപ്പോഴും മുഖ്യമന്ത്രി അവിടെയുണ്ടായിരുന്നു. മൃതദേഹം തലശ്ശേരി ടൗൺഹാളിലെത്തിച്ചപ്പോൾ മുഖ്യമന്ത്രിയും സംഘവും ചേർന്നാണ് ചെങ്കൊടി പുതപ്പിച്ചത്. എട്ട് മണിക്കൂറോളം നീളുന്ന പൊതുദർശന സമയം മുഴുവൻ കോടിയേരിയുടെ തൊട്ടടുത്ത് പിണറായി വിജയനുണ്ടായിരുന്നു. കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും ചേർന്ന് കോടിയേരിയുടെ ചിതയ്ക്ക് തീകൊളുത്തിയതിന് ശേഷമാണ് പിണറായി മടങ്ങിയത്.