ലിങ്കില്‍ ടാപ്പ് ചെയ്താല്‍ ഇനി കോളുകളില്‍ ചേരാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് വീഡിയോ, വോയിസ് കോളുകളില്‍ പങ്കുചേരുന്നതിന് വേണ്ടി ലിങ്കുകള്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന ഫീച്ചറിന് സമാനമാണ് ഇത്.

ഒരു ലിങ്കില്‍ ടാപ്പ് ചെയ്ത് കോളുകളില്‍ ചേരാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഇത് . കോള്‍ ലിങ്കുകള്‍ എന്ന ഓപ്ഷനില്‍ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഓഡിയോ ,വീഡിയോ കോളിനായി ഒരു ലിങ്ക് സൃഷ്ടിക്കാനാകും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പമാണ് ഈ സംവിധാനം ലഭ്യമാവുക. ഈ ആഴ്ച മുതല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും.

ഉപയോക്താക്കള്‍ക്ക് സ്വയം ലിങ്ക് സൃഷ്ടിക്കാവുന്നതാണ്. അത് മറ്റുള്ളവര്‍ക്ക് പങ്കിടാനും സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് ഉള്ളവര്‍ക്ക് മാത്രമെ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നും കമ്ബനി വ്യക്തമാക്കുന്നു. ഇതിന് പുറമെ 32 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകളില്‍ പങ്കുചേരാന്‍ അവസരം ഒരുക്കുന്നതിനുള്ള പരീക്ഷണം കമ്ബനി നടത്തുകയാണ്. 487.5 ദശലക്ഷം ഉപയോക്താക്കളാണ് 2022 ജൂണ്‍ വരെ വാട്സ്ആപ്പില്‍ അംഗങ്ങളായിട്ടുള്ളത്.