ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ പറക്കും

ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എയര്‍ ടാക്‌സികള്‍ ഇറക്കാന്‍ ഗുരുഗ്രാം ആസ്ഥാനമായുള്ള ഫ്‌ലൈ ബ്ലേഡും പ്രമുഖ ബ്രസീലിയന്‍ എയ്‌റോസ്‌പേസ് കമ്പനിയായ എമ്പ്രയറിന്റെ ഉപവിഭാഗമായ ഈവ് എയര്‍ മൊബിലിറ്റിയും തമ്മില്‍ കരാറായി. ഇലക്ട്രിക് വെഹിക്കിള്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ് വെഹിക്കിള്‍സ് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് ലക്ഷം ഫ്‌ലൈയിംഗ് മണിക്കൂറുകള്‍ നടത്തുന്നതിനാണ് ഇഎഎമ്മുമായി ഫ്‌ലൈ ബ്ലേഡ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്ലേഡിന്റെ സഹായത്തോടെ അര്‍ബന്‍ എയര്‍ മൊബിലിറ്റി പ്ലെയര്‍ 200 എയര്‍ ടാക്‌സികള്‍ ഇന്ത്യയിലെത്തിക്കും.

അതേസമയം, 2026 ഓടെ ഈവ് എയര്‍ ടാക്‌സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവയുടെ സേവനം നടത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും ഇന്ത്യയെന്നും ഫ്‌ലൈ ബ്ലേഡ് ഇന്ത്യ എംഡി അമിത് ദത്ത പ്രസ്താവനയില്‍ അറിയിച്ചു. ‘ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ക്ക് വളരെ പ്രസക്തിയുള്ള രാജ്യമാണ് ഇന്ത്യ. 2026-ല്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ ഡെലിവറി തുടങ്ങാനാകും’- എയര്‍ മൊബിലിറ്റിയുടെ കോ-സിഇഒ ആന്‍ഡ്രെ ഡുവാര്‍ട്ട് സ്റ്റെയിനും വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ പൈലറ്റുകളുടെ സഹായത്തോടെയാണ് ടാക്‌സികള്‍ പ്രവര്‍ത്തിക്കുക. 4 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സീറ്റിംഗ് ശേഷിയും കാര്‍ഗോ കൊണ്ടുപോകാനുള്ള ഇടവുമാണ് ഉണ്ടാകുക. 2.5-3 ടണ്‍ ഭാരമുള്ള ഓരോ ഇലക്ട്രിക് വാഹനത്തിനും 100 കിലോമീറ്റര്‍ പറക്കല്‍ പരിധിയാണ് ഉണ്ടാകുക. രണ്ടാം ഘട്ടത്തില്‍ പൈലറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന, ആറ് സീറ്റുള്ള ഓട്ടോമാറ്റിക് എയര്‍ ടാക്‌സി അവതരിപ്പിക്കാനാണ് ഇഎഎം പദ്ധതിയിടുന്നത്.