കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ആർക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

കോട്ടയം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി കേരളാ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി. ഖാർഖെയ്ക്ക് ഒപ്പമാണ് താനെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ കോൺഗ്രസ്സിനെ നയിക്കാൻ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിർന്ന നേതാക്കളിൽ പ്രമുഖനാണ് മല്ലികാർജ്ജുൻ ഖാർഗെയെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കർണാടകയിലും മന്ത്രിയായും സംഘടനാ പ്രവർത്തന രംഗത്തും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരേയും യോജിപ്പിച്ചും ഐക്യത്തോടെയും കോൺഗ്രസ്സിനെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും ശ്രദ്ധേയമായ നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നതിനെ ഉമ്മൻ ചാണ്ടി സ്വാഗതം ചെയ്തു. കോൺഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നുവെന്നത് കോൺഗ്രസ്സിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിക്കുന്നതെന്നും ആരോഗ്യകരമായ മത്സരം പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.