ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമാവുമായി സർക്കാർ. റോഡ് നിർമ്മാണത്തിന് 13 കോടി 70 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കുകയും ചെയ്തു. പട്ടിക വർഗ്ഗ വികസന ഡയറക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും റോഡ് നിർമ്മാണം നടക്കുന്നത്. ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതത്തിനുമാണ് ഇതോടെ അവസാനമാകുന്നത്.
ഇടമലക്കുടിയിലെ ജനങ്ങൽ ഒരുപാട് കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് റോഡ് നിർമ്മാണം. പല തവണ പ്രശ്ന പരിഹാരത്തിനായി ശ്രമം നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വനംവകുപ്പായിരുന്നു റോഡ് നിർമ്മാണത്തിന് തടസം നിന്നത്. എന്നാൽ, ഇടമലക്കുടിയുടെ സാഹചര്യം പരിഗണിച്ച് കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന് തടസം നിൽക്കില്ലെന്ന് ഇത്തവണ വനംവകുപ്പുദ്യോഗസ്ഥർ ഉറപ്പ് നൽകി. ഇതോടെയാണ് 13 കോടി 70 ലക്ഷം രൂപ ഫണ്ടനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
പെട്ടിമുടി മുതൽ ഇടലിപാറകുടി വരെയുള്ള 14 കിലോമീറ്റർ ദുർഘട പാതയാണ് കോൺക്രീറ്റ് ചെയ്യുക. അപ്രോച്ച് റോഡില്ലാത്തിനാൽ ഉപയോഗിക്കാനാവാതെ കിടക്കുന്ന പാലവും ഗതാഗതയോഗ്യമാക്കും. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർ ഉൾപ്പെട്ട മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു.

