സുരക്ഷയ്ക്കാണ് പ്രാധാന്യം; കാറുകളിൽ 6 എയർ ബാഗുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാറുകളിൽ 6 എയർ ബാഗുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. അടുത്ത വർഷം ഒക്ടോബർ 1 മുതൽ എം വൺ കാറ്റഗറിയിൽ ഉള്ള പാസഞ്ചർ കാറുകൾക്ക് 6 എയർബാഗുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്ന നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ എൻട്രി ലെവൽ കാറുകൾക്ക് മുതൽ വിലകൂടും. ഡ്രൈവറെ കൂടാതെ 8 സീറ്റുകൾ വരെയുള്ള കാറുകളാണ് എം 1 കാറ്റഗറിയിൽ ഉള്ളത്. സാധാരണക്കാർ ഉപയോഗിക്കുന്ന എൻട്രി ലെവൽ കാറുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടും.

എൻട്രി വിഭാഗത്തിൽ പെടുന്ന കാറുകൾക്ക് മുന്നിൽ 2 എയർ ബാഗുകളാണ് നിർബന്ധമായും വേണ്ടിയിരുന്നത്. ചിലവിനേക്കാൾ ഉപരി യാത്രക്കാരുടെ സുരക്ഷ കണക്കിൽ എടുത്താണ് പുതിയ നടപടി സ്വീകരിക്കുന്നതെന്ന് ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം, കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കര നേരത്തെ അറിയിച്ചിരുന്നു. വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. മിസ്ത്രി പിൻസീറ്റിൽ ഇരുന്നിരുന്നുവെന്നും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം.

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്കും സഹയാത്രികർക്കും മാത്രം പിഴയുണ്ടായിരുന്നു. എന്നാൽ പിൻസീറ്റ് യാത്രക്കാരെയും ഉൾപ്പെടുത്തുന്നതിനായി നിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ബീപ്പർ ശബ്ദിക്കുന്ന കാര്യം വിവിധ കാർ നിർമാതാക്കളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വിലയുടെയും ശ്രേണികളിലുമുള്ള കാറുകളിലും ഈ ഫീച്ചർ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.