വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം; ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് വാഹനങ്ങൾ പോകുന്നതിന് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിറക്കിയത്. തടസ്സം ഒഴിവാക്കാൻ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശം നൽകി.

അതേസമയം, നിർമ്മാണത്തിനായി പോകുന്ന വാഹനങ്ങൾ ഒന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജികൾ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി. പോലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.