കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ദിഗ് വിജയ് സിങ്ങിന്റെ പേര് പരിഗണിച്ച് ഗാന്ധി കുടുംബം; നിർണായകമാകുന്നത് സോണിയാ ഗാന്ധിയുടെ തീരുമാനം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ദിഗ് വിജയ് സിങ്ങിന്റെ പേര് പരിഗണിച്ച് ഗാന്ധി കുടുംബം. മലപ്പുറത്ത് ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ് വിജയ് സിങ്ങിനെ സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. അതേസമയം, അശോക് ഗെഹ്ലോത്ത് സോണിയ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തും.

പ്രശ്‌നപരിഹാരത്തിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെയ്ക്കും. സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം അശോക് ഗെഹ്ലോതിന്റെ സ്ഥാനാർഥിത്വത്തിൽ നിർണായകമാണെന്നാണ് വിവരം.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. അധ്യക്ഷനാകാൻ അർഹതയില്ലെന്ന് രാഷ്ട്രീയ നാടകത്തിലൂടെ ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.