കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണം; തൊഴിലാളി നേതാക്കളുമായുള്ള ചർച്ച തുടരാൻ മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള ചർച്ച തുടരാൻ മാനേജ്‌മെന്റ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

മാനേജ്‌മെന്റ് യൂണിയൻ നേതാക്കൾക്ക് കൈമാറിയത് തിരുവനന്തപുരം ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ്. ഓർഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്. എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നുണ്ട്. ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട, നെടുമങ്ങാട് – ഡിപ്പോകളിലാണ് ഡ്യൂട്ടി പരിഷ്‌കാരം ആദ്യം നിലവിൽ വരുന്നത്.

അതേസമയം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകൾ സ്വീകരിച്ചിട്ടുള്ള നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് അറിയിച്ചു.