പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കടയിൽ നിന്നും വടിവാളുകൾ കണ്ടെടുത്തു; പരിശോധന തുടർന്ന് പോലീസ്

മാനന്തവാടി: വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കടയിൽ നിന്നും വടിവാളുകൾ കണ്ടെടുത്ത് പോലീസ്. എരുമത്തെരുവിലെ ജില്ലാ കമ്മറ്റി ഓഫീസിന് സമീപത്തെ ടയർ കടയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.

ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പാലക്കാടും വയനാടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വടിവാൾ പിടിച്ചെടുത്തത്. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലാണ് പോലീസ് ആദ്യം റെയ്ഡ് നടത്തിയത്. മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പോപ്പുലർ ഫ്രണ്ട് ഭാരവാഹിയുടെ എസ് എസ് ടയർ വർക്സ് എന്ന കടയിൽ നിന്നാണ് വടിവാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തത്. ചടനാംകുറിശ്ശി, കൽമണ്ഡപം, പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ ശംഖുവാരത്തോട് തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു.

അതേസമയം, ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസുകളുടെ പൂട്ട് തല്ലിതകർത്ത് പോലീസ് റെയ്ഡ് നടത്തി. ആലപ്പുഴ ടൗണിലെ ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് പരിശോധന നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അമ്പലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിലെയും ഓഫീസുകളിൽ റെയ്ഡ് നടത്തി. പണമിടപാട് ഉൾപ്പെടെയുള്ള രേഖകളും ഓഫീസിൽ നിന്നും പിടിച്ചെടുത്തു.

മണ്ണഞ്ചേരിയിൽ ഹർത്താൽ ദിവസം പ്രകടനം നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹർത്താൽ ദിവസം വിദ്വേഷ മുദ്രാവാക്യം മുഴക്കിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.