വര്‍ഗ്ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലെ പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. വര്‍ഗ്ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ഡല്‍ഹിയില്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്റണിയും പ്രതികരിച്ചു. ‘അക്രമസംഭവങ്ങള്‍ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം. നിരോധിക്കുന്ന സംഘടനകള്‍ മറ്റു മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കും. നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകള്‍ ഉണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി എഫ് ഐ യെ നിരോധിച്ചത് അവര്‍ സമൂഹത്തില്‍ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവര്‍ത്തനം കൊണ്ടു തന്നെയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ചൂണ്ടിക്കാട്ടി. ‘ആര്‍ എസ് എസും സംഘപരിവാര സംഘടനകളും പി എഫ് ഐ നടത്തുന്ന അതേ വര്‍ഗീയ ധ്രുവീകരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരികള്‍ക്ക് നീതിയോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങള്‍ക്കും കടിഞ്ഞാണിടണം.അല്ലെങ്കില്‍ നിരോധം കൊണ്ടു ഫലം ഇല്ലാതെ വരും. തീവ്രചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന ഏതു നീക്കവും കരുതലോടെ കാണണം’- മദനി വ്യക്തമാക്കി.