കഴിക്കാൻ ഏറ്റവും നല്ലത് മോരോ തൈരോ?

തൈര്, മോര് തുടങ്ങിയവ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. മോരാണോ തൈര് ആണോ കഴിക്കാൻ ഏറ്റവും മികച്ചതെന്ന് പലർക്കും അറിയില്ല. മോരാണ് തൈരിനേക്കാൾ ഫലപ്രദമെന്നാണ് വിദഗ്ധർ പറയുന്നത്.

തൈര് ശരീരത്തെ കൂടുതൽ ചൂടാക്കും. എന്നാൽ, മോര് ശരീരത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. തൈരിൽ ഉള്ള ബാക്ടീരിയ ചൂടുമായി സമ്പർക്കത്തിലാകുമ്പോൾ പുളിക്കും. അതുകൊണ്ട് നമ്മൾ തൈര് കഴിക്കുമ്പോൾ അത് ആമാശയത്തിലെ ചൂടിലേക്കെത്തുമ്പോൾ പുളിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ശരീരം തണുക്കുന്നതിന് പകരം ചൂടാകും എന്ന് പറയുന്നതിന്റെ കാരണം. എന്നാൽ മോരിന്റെ കാര്യത്തിൽ ഇത് സംഭവിക്കില്ല. വെള്ളം ചേർക്കുമ്പോൾ തന്നെ ഫെർമെന്റേഷൻ പ്രക്രിയ അവിടെ അവസാനിക്കുന്നതിനാലാണിത്.

രാത്രിയിൽ തൈര് കുടിക്കുന്നതും ഉത്തമമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊണ്ടവേദന സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. ചർമ്മപ്രശ്‌നങ്ങൾ ഉള്ളവരും തലവേദന, ഉറക്ക പ്രശ്‌നങ്ങൾ, ദഹനത്തിന് ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവരും തൈര് കുടിക്കുന്നത് നല്ലതല്ല. അമിതവണ്ണം, കഫകെട്ട്, രക്തസ്രാവം, ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരും തൈര് ഒഴിവാക്കുന്നതാണ് നല്ലത്.