തിരുവനന്തപുരം: പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ബിജെപി അധ്യക്ഷന്‍ ആര്‍എസ്എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടാണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ ജനങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്, അവര്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കി്ല്ല. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാന്‍ സംസ്ഥാനം തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടാണെന്ന നഡ്ഡയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വര്‍ഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്ത് സാമുദായിക സൗഹൃദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിവര്‍ നടത്തുന്നത്. പ്രകോപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആര്‍എസ്എസിനെ ബിജെപി അധ്യക്ഷന്‍ ഉപദേശിക്കണം. അതാകും നല്ലത്’- സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

