ബിജെപിക്കെതിരായ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിന് പിന്നില്‍ ഇടത്പക്ഷം അണിനിരക്കണമെന്ന് കുഞ്ഞാലിക്കുട്ടി

ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന് പിന്നില്‍ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് രാഹുലുമായി സംസാരിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുക. തുടര്‍ന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടില്‍ പ്രവേശിക്കും. ഇന്ന് രാവിലെ പുലാമന്തോളില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 15 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചയോടെ പെരിന്തല്‍മണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂര്‍ത്തിയാക്കും. ശേഷം വൈകീട്ട് നാലിന് പുനഃരാരംഭിച്ച് 10 കിലോമീറ്റര്‍ കൂടി പിന്നിട്ട് വൈകീട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും. ഇതോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂര്‍ത്തിയാക്കും.

നാളെ പാണ്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് നിലമ്പൂര്‍ ചന്തക്കുന്നില്‍ സമാപിക്കും. ജില്ലയിലെ മൂന്നാം ദിന പര്യടനം ചുങ്കത്തറ മുട്ടിക്കടവില്‍ നിന്ന് ആരംഭിച്ച് ഉച്ചയോടെ വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും.