റോം: ഇറ്റലിയിൽ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേറുകയാണ്. വലതുപക്ഷ നേതാവ് ജോർജിയ മെലോണി ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. കുടിയേറ്റക്കാരോടുള്ള വിരോധം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, ഗർഭച്ഛിദ്രത്തോടുള്ള എതിർപ്പ് തുടങ്ങിയവയാണ് മെലോണിയുടെ പ്രത്യയശാസ്ത്രം.
1946 ൽ മുസോളിനി അനുയായികൾ രൂപവത്കരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിന്റെ യുവജനവിഭാഗത്തിൽ 15-ാം വയസിലാണ് മെലോണി അംഗമാകുന്നത്. ഇതാണ് മെലോണിയുടെ രാഷ്ട്രീയ പ്രവേശനം. 2006-ൽ പാർലമെന്റിന്റെ ഡെപ്യൂട്ടി ചേംബറിലേക്ക് ഇവർ തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ തന്റെ 31-ാം വയസ്സിൽ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 2012-ൽ സ്വന്തം പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചു. പോളണ്ടിലെ ഭരണകക്ഷിയുൾപ്പെടെയുള്ള യൂറോപ്പിലെ യാഥാസ്ഥിതിക പാർട്ടികളുടെ കൂട്ടായ്മയായ യൂറോപ്യൻ കൺസർവേറ്റിവ്സ് ആൻഡ് റിഫോമിസ്റ്റ്സ് പാർട്ടിയുടെ അധ്യക്ഷപദത്തിലെത്തി.
400 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 26 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിക്ക് ലഭിച്ചത്. വോട്ടെണ്ണൽ പൂർത്തിയാവും മുൻപേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി തോൽവി സമ്മതിക്കുകയായിരുന്നു.

