കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. യാത്രയിൽ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി. അഡ്വ. കെ വിജയനാണ് ഹർജി നൽകിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യപ്പെട്ടിരുന്നത്.
ജാഥ ഒരു വശത്തുകൂടി പോകുമ്പോൾ എതിർ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചിലവ് സംഘടകരിൽ നിന്നും ഈടാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി, കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
അതേസമയം, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി.

